മിഥുനിന്റെ മരണം: പ്രധാനാധ്യാപികക്ക് സസ്പെന്ഷന്, സ്‌കൂള്‍ മാനേജ്മെന്റിനോട് വിശദീകരണം തേടി
തിരുവനന്തപുരം: കൊല്ലം തേവലക്കരയില്‍ ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥി മിഥുനിന്റെ മരണത്തെ തുടര്‍ന്ന് സ്‌കൂള്‍ പ്രധാനാധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യാന്‍ മാനേജ്‌മെന്റിന് നിര്‍ദേശം നല്‍കിയതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. നിര്‍ദേശം പാലിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ തന്നെ നടപടിയെടുക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മിഥുനിന്റെ മരണത്തില്‍ സ്‌കൂളിന്റെ വീഴ്ചയുണ്ടായിട്ടുള്ളതിനാല്‍ മാനേജ്‌മെന്റിനോടും ബന്ധപ്പെട്ട എഇഒ ആന്റണി പീറ്ററിനോടും വിശദീകരണം തേടിയിട്ടുണ്ട്. മാനേജ്‌മെന്റ് മൂന്നു ദിവസത്തിനകം മറുപടി നല്‍കണം. ആരോപണങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. മിഥുനിന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി പൊതു വിദ്യാഭ്യാസ വകുപ്പ് പിഡി അക്കൗണ്ടില്‍ നിന്നു മൂന്ന് ലക്ഷം രൂപ നല്‍കും. മറ്റുധനസഹായങ്ങള്‍ മുഖ്യമന്ത്രി എത്തിയശേഷം ആലോചിച്ച് തീരുമാനമെടുക്കും. വീടില്ലാത്ത കുടുംബത്തിന് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സിന്റെ നേതൃത്വത്തില്‍ വീട് നിര്‍മിച്ച് നല്‍കുമെന്നും മന്ത്രി പറഞ്ഞു. മിഥുനിന്റെ അനുജന് 12-ാം ക്ലാസ് വരെ പരീക്ഷാഫീസ് ഇളവും ലഭിക്കും. ഈ നടപടികളൊന്നും കുഞ്ഞിന്റെ ജീവനേക്കാള്‍ വലുതല്ലെന്ന് സര്‍ക്കാരിന് അറിയാം. വിദ്യാഭ്യാസ വകുപ്പ് അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കാര്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.